10:19pm 08 September 2026
NEWS
‘പാർട്ടിയെ നന്നാക്കാൻ പുറത്തുപോയവർ വരേണ്ട’; ആലപ്പുഴ സി.പി.എം യോഗത്തിൽ വിമർശനം
07/09/2026  09:37 AM IST
nila
‘പാർട്ടിയെ നന്നാക്കാൻ പുറത്തുപോയവർ വരേണ്ട’; ആലപ്പുഴ സി.പി.എം യോഗത്തിൽ വിമർശനം

ചേർത്തല: പാർട്ടിയിൽനിന്ന് പുറത്തുപോയവർ സി.പി.എമ്മിനെ നന്നാക്കാൻ ഉപദേശവുമായി വരേണ്ടതില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി ആലപ്പുഴ ജില്ലാ നേതൃയോഗം. പാർട്ടിക്കുള്ളിൽനിന്ന് നിരന്തരം വിമർശനങ്ങളും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്ന ‘നന്മമരങ്ങളെയും’ യോഗത്തിൽ വിമർശിച്ചു. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ പേരെടുത്ത് പറയാതെയായിരുന്നു പരാമർശങ്ങൾ. കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനാണ് ആമുഖപ്രസംഗത്തിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പുകളിൽ പാർട്ടി നേരത്തെ പരാജയപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതിൽനിന്ന് ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. പാർട്ടിയിൽനിന്ന് പുറത്തുപോയവർ തങ്ങൾ ഇപ്പോൾ എത്തിയ ഇടങ്ങൾ നന്നാക്കിയാൽ മതിയെന്നും സി.പി.എമ്മിനെ നന്നാക്കാൻ വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജി. സുധാകരൻ നേതൃത്വം നൽകിയ കാലത്തും ജില്ലയിൽ പാർട്ടി തിരഞ്ഞെടുപ്പ് പരാജയം നേരിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സജി ചെറിയാൻ, അത്തരം പരാജയങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയെ വിമർശിക്കുന്നതിനെയും ചോദ്യം ചെയ്തു.

പാർട്ടിയിൽനിന്ന് പലതും നേടിയശേഷം പുതിയ അധികാരത്തിനായി പുറത്തുപോയവരെപ്പോലെ, പാർട്ടിക്കുള്ളിൽ ചിലർ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നുണ്ടെന്നും യോഗത്തിൽ വിമർശനമുയർന്നു. ഇല്ലാത്ത വിഷയങ്ങൾ ഉണ്ടെന്ന തരത്തിൽ അവതരിപ്പിച്ച് മാധ്യമശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.

പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങൾ ചർച്ച ചെയ്യേണ്ടത് അംഗങ്ങളാണെന്നും പുറത്തുപോയവരോ മാധ്യമങ്ങളോ അല്ലെന്നും സജി ചെറിയാൻ പറഞ്ഞു. എല്ലാ വിഷയങ്ങളും പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ വിശദമായി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തും. ജനങ്ങൾക്കിടയിൽ പാർട്ടി കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അജൻഡയിൽ ഉൾപ്പെടാത്ത വിഷയമായിരുന്നിട്ടും സജി ചെറിയാന്റെ പ്രസംഗത്തിന് യോഗത്തിൽ വലിയ പിന്തുണ ലഭിച്ചു. പ്രസംഗത്തെ അംഗങ്ങൾ കൈയടിയോടെയാണ് സ്വീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img